സംസ്കൃത ഭാരതിയുടെ കേരളാ ഘടകമായ വിശ്വ സംസ്കൃത പ്രതിഷ്ഠാനം ലോകം മുഴുവനുമുള്ള മലയാളികൾക്കായി സംഘടിപ്പിക്കുന്ന ‘വദതു സംസ്കൃതം’ എന്ന സംഭാഷണ അഭിയാനത്തിന്ലോക അധ്യാപക ദിനമായ ഒക്ടോബർ 5 ന് തുടക്കമായി..ഒരേ സമയം നൂറ്റിയെട്ട് സംഭാഷണ വർഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഓൺലൈനിലൂടെ നടത്തുന്ന ഈ പരിശീലനത്തിൽ എല്ലാ ജില്ലകളിൽനിന്നുമുള്ള അധ്യാപകന്മാർ പഠിപ്പിക്കുന്നുണ്ട്. തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിപാടിയിൽ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി നാലായിരത്തിലധികം ആളുകൾ പങ്കെടുക്കുന്നുണ്ട്. തുടർച്ചയായ പത്തുദിവസം നടക്കുന്ന ഈ ക്ലാസ്സുകൾ ഈ മാസം പതിനഞ്ചാം തീയതി സമാപിക്കും.
വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തിന്റെ ശിക്ഷണ വിഭാഗം ഒരുക്കുന്ന വിപുലമായ ഈ അഭിയാനത്തിന് സംസ്ഥാന ശിക്ഷണ പ്രമുഖ് എൻ .എൻ . മഹേഷ് സഹശിക്ഷണ പ്രമുഖ് രണജിത്ത്. കെ എന്നിവരാണ് നേതൃത്വം നൽകുന്നത്. സരളമായ രീതിയിലൂടെയുള്ള സംഭാഷണ പഠനത്തിലൂടെ പത്തു ദിവസങ്ങൾകൊണ്ട് സംസ്കൃതത്തിൽ സംസാരിക്കാനുള്ള കഴിവ് നേടിയെടുക്കാൻ സാധിക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്.
തുടർന്നും സംസ്കൃതം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി തപാൽ വഴി സംസ്കൃതം പഠിക്കാനുള്ള കോഴ്‌സുകളും കൊടുങ്ങല്ലൂർ ആസ്ഥാനമായുള്ള വിശ്വ സംസ്കൃത പ്രതിഷ്ഠാനം ഒരുക്കിയിട്ടുണ്ട്.
ഇന്ന് ലോകത്തു പലരാജ്യങ്ങളിലും ഭാഷാ പഠനത്തിന് അനുകരിക്കുന്നതും ഒരു കോടിയിലധികം ആളുകളെ സംസ്കൃതത്തിൽ സംസാരിക്കാൻ പ്രാപ്തരാക്കിയതുമായ സംസ്കൃത ഭാരതിയുടെ ശൈലി തന്നെയായിരിക്കും സംഭാഷണ ക്ലാസ്സുകളിൽ ഉപയോഗിക്കുന്നത്..