കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ പരിപാടികളോടെ വിശ്വ സംസ്‌കൃത പ്രതിഷ്ഠാനം വിപുലമായി ആചരിച്ച സംസ്‌കൃത വാരാചരണത്തിനു സമാപനമായി . ഇന്നലെ രാത്രി 7 മണിക്ക് ഓൺലൈനിൽ യൂട്യൂബ് ലൈവ് വഴി നടന്ന സമാപന സമ്മേളനം ഉജ്ജയിനി പാണിനി സംസ്‌കൃത വൈദിക യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്സലറും മലയാളിയുമായ ഡോ .സി.ജി .വിജയകുമാർ ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്തു സംസ്കൃതത്തിന്റെ പ്രസക്തി അനുദിനം വർദ്ധിച്ചു വരികയാണെന്നും നിസ്വാർത്ഥമായ സേവനത്തിലൂടെ കേരളത്തിലെ സംസ്‌കൃത പ്രചാരണത്തിന് വേണ്ടി പ്രവർത്തിച്ചവരുടെ സമർപ്പണ മനോഭാവത്തിന്റെ ഫലമാണ് ഇന്ന് ആയിരക്കണക്കിന് ആളുകൾ ദൈനംദിന ജീവിതത്തിൽ സംസ്‌കൃതം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കൃത ഭാരതി കേരള ഘടകത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം പ്രശസ്ത നർത്തകിയും ചലച്ചിത്ര അഭിനേത്രിയുമായ ശ്രീമതി രചന നാരായണൻകുട്ടി നിർവഹിച്ചു . വ്യക്തിയെ പരിഷ്കരിക്കുന്നതിൽ സംസ്കൃതത്തിനു വലിയ പങ്കുണ്ടെന്നും നമ്മുടെ സംസ്കാരത്തെ നിലനിർത്തുന്നതിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് സംസ്‌കൃതമാണെന്നും ശ്രീമതി രചന പറഞ്ഞു. വിശ്വ സംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന അദ്ധ്യക്ഷൻ പണ്ഡിത രത്നം ഡോ. പി .കെ .മാധവൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന സമ്പർക്ക പ്രമുഖ് നാരായണ ശർമ്മ വെബ്സൈറ്റിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംസ്ഥാന പ്രചാര ഗണത്തിന്റെ അധ്യക്ഷൻ വി ജെ ശ്രീകുമാർ സ്വാഗതവും സംസ്ഥാന സമിതിയംഗം ടി കെ സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു. മഹേഷ് എൻ എൻ പരിപാടിയുടെ അവതാരകനായിരുന്നു. എല്ലാ ജില്ലകളിൽ നിന്നുമുള്ള അഞ്ഞൂറോളം കാര്യകര്താക്കൾ പരിപാടിയും പങ്കെടുത്തു. ഓഗസ്റ്റ് 19 മുതൽ 25 വരെ ആയിരുന്നു സംസ്‌കൃത വാരം..